25 February, 2012

കൊമ്പ് പറ്റ്


മേളങ്ങളിലും പഞ്ചവാദ്യതിനും അകമ്പടി സേവിക്കുന്ന ഒരു വാദ്യം ആണല്ലോ കൊമ്പ്..തായമ്പക പോലെ വ്യക്തിപരമായ കഴിവുകള് പ്രകടിപ്പിക്കാന് അവസരമൊരുക്കുന്ന ഒന്നാണ് കൊമ്പ് പറ്റ്...
മനോധര്മം ആവശ്യം പോലെ ആവാം...
സാധാരണയായി അടന്ത(14 അക്ഷര കാലം),ചെമ്പട(8 അക്ഷരകാലം) ജ്ഹമ്പ(10 അക്ഷരകാലം) താളങ്ങളില് ആണ് വായിക്കുക...ഏതില് തുടങ്ങിയാലും ചെമ്പടയിലാണ് അവസാനിപ്പിക്കുക...
ത്രിപടയിലും വായിക്കാറുണ്ട്...


താഴത്തെ ലിങ്ക് തുറന്നാല് കൊമ്പ് പറ്റു കേള്ക്കാം. 
കൊമ്പ് പറ്റ്- ഓടക്കാലി മുരളിയും സംഘവും 

മരപാണി(വലിയപാണി)


ക്ഷേത്രങ്ങളില്‍ കലശങ്ങളില്‍ (നവീകരണം-പുന പ്രതിഷ്ഠ കലശങ്ങള്‍,അഷ്ടബന്ധ കലശം,ദ്രവ്യ കലശം) ബ്രഹ്മ കലശം എഴുന്നള്ളിക്കുന്നതിനു മുന്‍പും സംഹാരം,തത്വം,സംഹാര തത്വ കലശം(പുനപ്രതിഷ്ടക്ക്) മുതലായ കലശങ്ങള്‍ക്കും(ഇതിനു പരി കലശങ്ങള്‍ ഇല്ല) ,ഉത്സവബലിക്കും(എഴുന്നള്ളിക്കുന്നതിനു മുന്പ്) ആണ് സാധാരണയായി മര പാണി കൊട്ടുന്നത്. ചില ഇടങ്ങങ്ങളില്‍ ആറാട്ട് ബലിക്കും കൊട്ടാറുള്ളതായി കേട്ടിട്ടുണ്ട്)(സാധാരണ ആറാട്ട് ബലിക്കു തിമില പാണി ആണ് പതിവ്). തിമില പാണിയെ കുറിച്ച് വേറൊരു പോസ്റ്റ്‌ തയ്യാറാക്കുന്നുണ്ട്. പല തരത്തില്‍ ഉള്ള മരപ്പാണി നിലവില്‍ ഉണ്ടായിരുന്നു.(എന്നാല്‍ ഇന്ന് മുഖ്യമായും രണ്ടു തരാം മാത്രമേ പ്രയോഗത്തില്‍ ഉള്ളു. മൂന്നു ത തോം,നാല് ത തതോം). ഓരോ സന്ദര്ഭതിനനുസരിച്ചു കൊട്ടുന്നതില്‍ മാറ്റം ഉണ്ടാവാം. ഓരോ സമയവും സന്ദര്ഭവവും പ്രാധാന്യവും അനുസരിച്ചാണിത്.അതിനെ കുറിച്ച് വിശദമായി പിന്നീട് പറയാം. മരപാണിയില്‍ ഉപയോഗിക്കുന്ന വാദ്യങ്ങള്‍- രണ്ടു മരം,ശേങ്ങില,ശങ്ഖു(എന്റെ നാട്ടില്‍) ഇതിനു പ്രാദേശികമായ മാറ്റങ്ങള്‍ ഉണ്ടാവാം. ചില ഇടങ്ങളില്‍ ഒരു മരമേ ഉപയോഗിക്കു. മറ്റു ചില ഇടങ്ങളില്‍ ഒരു മരവും ശേങ്ങിലയും ശങ്ഖും പിന്നെ വലംതലയും ഉപയോഗിക്കുന്നു.
ഇനി വസ്ത്ര ധാരണം. പാണി കൊട്ടുന്ന മാരാര്‍ കുളി കഴിഞ്ഞു ഭസ്മം പൂശി തറ്റുടുത്ത്‌ ഉത്തരീയം ഇടണം.
പാണി തുടങ്ങുന്നതിനു മുന്പ് വിളക്കിനു മുന്നില്‍ നിറപറ വയ്ക്കുന്നു. അതിനു ശേഷം മരത്തില്‍ ചോറിടുന്നു(ഓണക്കലരിയും കരിപൊടിയും ചേര്‍ത്ത്) ശുദ്ധമാക്കുന്നു എന്നാണു സങ്കല്‍പം. പാണിക്ക് ശേഷം ഇത് തുടച്ചു മാറ്റണം..തന്ത്രിടെ അനുവാദത്തോടു കൂടി ക്ഷേത്രം മേല്‍ശാന്തി നിറപറക്കു മുന്നിലെ വിലക്ക് കൊളുത്തുന്നു. പിന്നെ മാരാര്‍ തന്ത്രിയോട് മൂന്നു വട്ടം അനുവാദം ചോദിച്ച ശേഷം പാണി തുടങ്ങുന്നു.

വളരെ ശ്രദ്ധയോടും ശുധിയോടും കൂടെ ചെയ്യേണ്ട കര്‍മം ആണ് മര പാണി. ആയതിനാല്‍ പണ്ട് കാലത്ത് ഇതിനെ കുറിച്ചുള്ള അറിവുകളും കൂടാതെ എന്ണങ്ങളും നല്ല പ്രായവും പക്വതയും വന്നതിനു ശേഷമേ കൈമാറുമായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ കലപീടം പോലെ ഉള്ള സ്ഥാപനങ്ങളില്‍ പാണി പഠിപ്പിക്കുന്നുണ്ട്...

പരിഷ വാദ്യം


ഇന്ന് നാമ മാത്രമായിക്കൊണ്ടിരിക്കുന്ന ഒരു ക്ഷേത്ര കലയാണ്‌ പരിഷ വാദ്യം.ഇന്നുള്ള പഞ്ചവാദ്യത്തിന് ഇത്രയും പ്രാധാന്യം ഇല്ലാതിരുന്ന കാലത്ത്,പരിഷവാദ്യത്തിനായിരുന്നു പ്രാധാന്യം.
മധ്യകേരളത്തില്‍ ആദ്യ കാലത്ത് പ്രതിഷ്ഠ സമയത്തും ബ്രഹ്മ കലശം അഭിഷേകം ചെയ്യുന്ന സമയത്തും പരിഷ വാദ്യം ആയിരുന്നു പ്രധാനമായും കൊട്ടിയിരുന്നത്..കാലക്രമേണ അത് പഞ്ച വാദ്യത്തിന് വഴി മാറി കൊടുത്തു.
പരിഷ വാദ്യത്തില്‍ ഉപയോഗിക്കുന്ന വാദ്യങ്ങളില്‍ പ്രധാനം വീക്കന്‍ ചെണ്ട(അച്ഛന്‍ ചെണ്ട),തിമില,ശേങ്ങില,ഇലത്താളം ഇവയാണ്.കൂടാതെ കൊമ്പ്,കുഴല്‍ ഇവ അകമ്പടി സേവിക്കുന്നു.
പരിഷ വാദ്യത്തില്‍ കൊട്ടുകള്‍ കൃത്യമായി ചിട്ട ചെയ്തിട്ടുണ്ട്.ഇതില്‍ മനോധര്‍മം അനുവദനീയമല്ല.
രണ്ടു ഘട്ടങ്ങള്‍ ആണ് പരിഷ വാദ്യതിനുള്ളത്.ആദ്യത്തേത് ഒറ്റക്കോല്‍ ഇരികിട എന്ന ഏകതാളത്തിലുള്ള കൊട്ടുകള്‍ ആണ്.ഇതില്‍ വീക്കന്‍ ചെണ്ടയുടെ ഒരു കൊട്ട് കഴിഞ്ഞു അടുത്ത കൊട്ട് വരെ തിമിലക്കാര്‍ക്ക് 32 അക്ഷരവും കാലം മുറുകുമ്പോള്‍ യഥാക്രമം 16 അക്ഷരവും 8 അക്ഷരവും 4 അക്ഷരവും ആയി കൊട്ടാവുന്നതാണ്.4 അക്ഷരവമാവുന്ന സമയത്തിന് ഇരികിട എന്ന് പറയുന്നു.
രണ്ടാമത്തെ ഘട്ടം ചെണ്ടക്കൂറു എന്ന് പറയുന്ന ത്രിപുട താളത്തിലുള്ള കൊട്ടുകള്‍ ആണ്.ഇവ 28 ,14 ,7 ,3 .5 എന്നീ അക്ഷര കാലങ്ങളില്‍ 4 കാലങ്ങളില്‍ കൊട്ടി അവസാനം ഏകതാളത്തില്‍ നിര്‍ത്തുന്നു.